വില കൂടിയ സൗന്ദര്യവർധക ഉത്പന്നങ്ങൾ പോലും ഇതിന് മുന്നിൽ നിസാരക്കാര്‍; അറിയാം കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങൾ

സൗന്ദര്യ സംരക്ഷണത്തിന് ഏറെ മികച്ച ഒന്നാണ് കഞ്ഞിവെള്ളം. വിലകൂടിയ ഉത്പ്പന്നങ്ങൾ പോലും കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങൾക്ക് മുൻപിൽ പരാജയപ്പെടും. ദിവസവും കഞ്ഞിവെള്ളത്തിൽ മുഖം കഴുകുന്നത് മുഖത്തിന്റെ തിളക്കം കൂട്ടും. ടാനിംഗ്, പിഗ്മെന്റേഷൻ തുടങ്ങിയവയ്ക്കും കഞ്ഞിവെള്ളം മികച്ച പരിഹാരമാർഗമാണ്. കഞ്ഞിവെള്ളം മുഖത്ത് തേച്ച് 5 മിനിറ്റ് മസാജ് ചെയ്യുക. ശേഷം മുഖം കഴുകുന്നതിലൂടെ മുഖത്തിന്റെ തിളക്കം വർധിക്കും.

വിറ്റാമിൻ എ, സി, ഇ എന്നിവ കഞ്ഞിവെള്ളത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ സഹായിക്കും. ചുളിവുകളും നേർത്ത വരകളും പോലുള്ള വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്നു. മുഖക്കുരുവിനും കഞ്ഞിവെള്ളം പരിഹാരമാണ്. മുഖക്കുരു ഉള്ള ഭാഗത്ത് പഞ്ഞി ഉപയോഗിച്ച് കഞ്ഞിവെള്ളം പുരട്ടുക. ഒരു പഞ്ഞി തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

മുടിക്ക് തിളക്കം നൽകാനും കഞ്ഞിവെള്ളം നല്ലതാണ്. ആഴ്ചയിൽ രണ്ടുതവണ മുടിയിൽ കഞ്ഞിവെള്ളം ഉപയോഗിക്കാം. മുടി ഷാംപൂ ചെയ്ത ശേഷം കഞ്ഞി വെള്ളത്തിൽ കഴുകുക. അഞ്ച് മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ വീണ്ടും കഴുകണം. മുടിയുടെ അറ്റം പൊട്ടുന്നുണ്ടെങ്കിൽ ഒരു പാത്രം എടുത്ത് അതിൽ കഞ്ഞിവെള്ളം ഒഴിച്ച ശേഷം അതിൽ നിങ്ങളുടെ മുടി 10 മുതൽ 15 മിനിറ്റ് വരെ മുക്കി വെയ്ക്കണം. പിന്നീട് വെള്ളം ഉപയോഗിച്ച് ഇത് കഴുകി കളയണം.