റെയിൽവേയെ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാറിന് പദ്ധതിയില്ല; മന്ത്രി അശ്വിനി വൈഷ്ണവ്

ചെന്നൈ: റെയിൽവേയെ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ സ്വകാര്യവത്കരിക്കാൻ നീക്കം നടക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ റെയിൽവേ മസ്ദൂർ സംഘിന്റെ (ബി.ആർ.എം.എസ്) 20-ാമത് അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരമ്പൂർ റെയിൽ മണ്ഡപത്തിൽ സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം അദ്ദേഹം വീഡിയോ കോൺഫരൻസിലൂടെയാണ് നിർവ്വഹിച്ചത്.

മുൻ യുപിഎ സർക്കാരിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. യു.പി.എ ഭരണകാലയളവിൽ റെയിൽവേയിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവിഷയത്തിൽ കാര്യമായൊന്നും ചെയ്തില്ല. എന്നാൽ, നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയശേഷം റെയിൽവേയിൽ മൂന്നര ലക്ഷം തസ്തികകൾ നികത്തി. നിലവിൽ 1.40 ലക്ഷം തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. നിയമനപ്രക്രിയ തടസ്സപ്പെടുന്നില്ലെന്ന് 15 ദിവസത്തിലൊരിക്കൽ താൻ സ്വന്തംനിലയിൽ അവലോകനം ചെയ്യുന്നുണ്ടെന്നും റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.