ജയിലുകളിൽ ഗായത്രി മന്ത്രവും മഹാമൃത്യുഞ്ജയവും കേൾപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ; നടപടി അന്തരീക്ഷം ശുദ്ധമാക്കാൻ

ലക്‌നൗ: ഉത്തർപ്രദേശിൽ പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിക്കാനൊരുങ്ങി യോഗി സർക്കാർ. ജയിലുകളിൽ ഗായത്രി മന്ത്രവും മഹാമൃത്യുഞ്ജയവും കേൾപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ജയിലുകളിൽ തടവുകാരുടെ മനസമാധാനത്തിനും അന്തരീക്ഷം ശുദ്ധമാക്കാനും വേണ്ടിയാണ് നടപടി. ഉത്തർപ്രദേശ് ജയിൽ മന്ത്രി ധർമ്മവീർ പ്രജാപതിയാണ് ഇക്കാര്യം അറിയിച്ചത്. തടവുകാർക്ക് ആത്മീയമായ സൗഖ്യം ഉണ്ടാക്കാനും അവരെ നല്ല പൗരന്മാരാക്കാനും പുതിയ നടപടിയിലൂടെ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.

ഭാരതം ഒരു സനാതന രാജ്യമായതിനാൽ ആത്മീയമായ ജപവും കഥകളും പ്രാർത്ഥനയുമൊക്കെ ജയിൽ അന്തരീക്ഷത്തെ ശുദ്ധമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജയിലുകളിൽ ആത്മീയ മേഖലയിലെ ഉന്നതരുടെയും സന്യാസിമാരുടെയും പ്രഭാഷണങ്ങൾ കേൾപ്പിക്കാനും പദ്ധതിയിടുന്നതായി ധർമ്മവീർ പ്രജാപതി അറിയിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ജയിലുകളിൽ ഈ മന്ത്രങ്ങളും പ്രാർത്ഥനകളും കേൾപ്പിക്കുന്ന പതിവുണ്ട്.