എ. വിജയരാഘവന്‍ സിപിഎം പൊളിറ്റ്ബ്യൂറോയിലേക്ക്‌

കണ്ണൂര്‍: എസ്. രാമചന്ദ്രന്‍ പിള്ളയുടെ ഒഴിവിലേക്കായി കേരളത്തില്‍ നിന്നും കേന്ദ്ര സെക്രട്ടറിയേറ്റ് മുന്‍ അംഗം എ. വിജയരാഘവന്‍ സിപിഎം പൊളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറായ അദ്ദേഹം നേരത്തെ സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു.

അതേസമയം, മഹാരാഷ്ട്രയില്‍ നിന്നും അശോക് ധാവ്‌ലയും ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളില്‍ നിന്ന് രാമചന്ദ്ര ഡോമും പിബിയിലെത്താന്‍ ധാരണയായി. പിബിയിലെ ദളിത് പ്രാതിനിധ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ വളരെ പ്രധാന്യത്തോടെ പരിഗണിക്കപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ഒരംഗമായിരിക്കും ദളിത് പ്രാതിനിധ്യമായി പിബിയിലേക്കെത്തുകയെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. കെ രാധാകൃഷ്ണന്‍, എകെ ബാലന്‍ എന്നിവര്‍ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവില്‍ രാമചന്ദ്ര ഡോമിനെ തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമായ രാമചന്ദ്ര ഡോം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയേറ് അംഗവും ദളിത് ശോഷന്‍ മുക്തി മഞ്ച് അദ്ധ്യക്ഷനുമാണ്.

മന്ത്രിമാരായ പി രാജീവും കെ എന്‍ ബാലഗോപാലും കേന്ദ്ര കമ്മിറ്റിയിലെത്തും. സതീദേവിക്കും സിഎസ് സുജാതക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. രാവിലെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം പുതിയ സിസി അംഗങ്ങളില്‍ അന്തിമ തീരുമാനമെടുക്കും.