പാർട്ടി കോൺഗ്രസിൽ കെ വി തോമസ് പങ്കെടുക്കുന്നത് കോൺഗ്രസ് നേതാവായി തന്നെ; മുഖ്യമന്ത്രി

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ കെ വി തോമസ് പങ്കെടുക്കുന്നത് കോൺഗ്രസ് നേതാവായി തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളത്തെ കാര്യത്തിൽ പ്രവചനത്തിന് ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ വി തോമസ് സെമിനാറിൽ പങ്കെടുക്കില്ലെന്ന് ചിലർ പറഞ്ഞു. എന്നാൽ, അദ്ദേഹം എത്തുമെന്ന് സിപിഎമ്മിന് ഉറപ്പായിരുന്നു. ചിലർ കെ വി തോമസിന്റെ മൂക്ക് ചെത്തുമെന്ന് പേടിപ്പിച്ചു. അദ്ദേഹത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ‘കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തിൽ സെമിനാറിൽ പങ്കെടുക്കാനാണ് കെ വി തോമസ് കണ്ണൂരിലെത്തിയത്. എകെജി നഗറിൽ (ജവഹർ സ്റ്റേഡിയം) നടന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജനാണ് ഉദ്ഘാടനം ചെയ്തത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സെമിനാറിൽ പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചത്.