തങ്ങളുടെ അസ്തിത്വത്തിന്റെ വേര് തമിഴ്; അമിത് ഷായുടെ വിവാദ പരാമർശത്തിന് പിന്നാലെ ട്വീറ്റ് പങ്കുവെച്ച് എ ആർ റഹ്മാൻ

ചെന്നൈ: തമിഴ് ദേവതയുടെ ചിത്രം പങ്കുവെച്ച് എ ആർ റഹ്മാൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇംഗ്ലീഷിന് പകരം ഹിന്ദി എന്ന പരാമർശത്തിന് പിന്നാലെയാണ് അദ്ദേഹം തമിഴ് ദേവതയുടെ ചിത്രം ട്വീറ്റ് ചെയ്തത്. തങ്ങളുടെ അസ്തിത്വത്തിന്റെ വേര് തമിഴാണ് എന്ന കവി ഭാരതിദാസന്റെ വരികളോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിട്ടുള്ളത്. ഇതിനോടകം തന്നെ ട്വീറ്റ് വൈറലായി കഴിഞ്ഞു. ചിത്രം നിരവധി തവണ റീ ട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

പരമ്പരാഗത തമിഴ് ശൈലിയിൽ വെളുത്ത സാരിയണിഞ്ഞ്, മുടി വിടർത്തിയിട്ട്, കുന്തവുമേന്തി നൃത്തം ചെയ്യുന്ന സ്ത്രീയാണ് ചിത്രത്തിലുള്ളത്. തമിഴ് വാഴ്ത്ത് അഥവാ തമിഴ് ദേശീയ ഗാനത്തിലെ ഒരു വാക്കാണ് തമിഴ് ദേവത എന്നർത്ഥമുള്ള തമിഴനങ്ക്. മനോന്മണ്യം സുന്ദരംപിള്ളയുടെ വരികൾക്ക് എം.എസ്. വിശ്വനാഥനാണ് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്.

പാർലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെയാണ് വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിലല്ല ഹിന്ദിയിൽ സംസാരിക്കണമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. പ്രാദേശിക ഭാഷകൾക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ ആർ റഹ്മാന്റെ പ്രതികരണം.