ഇനി ഊതേണ്ടി വരും! ആല്‍ക്കോ മീറ്റര്‍ പരിശോധന പുനരാരംഭിച്ച് പോലീസ്‌

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള പോലീസിന്റെ വാഹന പരിശോധന വീണ്ടും തുടങ്ങാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. ബ്രത്ത് അനലൈസറും, ആല്‍ക്കോമീറ്ററും ഉപയോഗിച്ചുള്ള പരിശോധനയാണ് തുടങ്ങുന്നത്. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

രാത്രികാല വാഹന പരിശോധനയും, മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താനുള്ള പരിശോധനയും തുടങ്ങാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടി പിഴ ചുമത്തുകയാണ് പോലീസ് ചെയ്തത്. വാഹന പരിശോധനകളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചതോടെ അപകടങ്ങളും കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് മദ്യപിച്ച് വാഹനമോടിച്ച് രാത്രികളില്‍ ഉണ്ടാകുന്ന അപകടങ്ങളുടെ നിരക്ക് കൂടിയിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വാഹന പരിശോധന ആരംഭിക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചത്. ബ്രത്ത് അനലൈസറിന്റെയോ, ആല്‍ക്കോമീറ്ററിന്റെയോ പരിശോധനക്ക് വാഹനമോടിക്കുന്നവര്‍ തയ്യാറായില്ലെങ്കില്‍ വൈദ്യപരിശോധന നടത്താനാണ് നിര്‍ദ്ദേശം. കൂടാതെ വെള്ളിയാഴ്ചകളില്‍ പരേഡും പുനരാരംഭിക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചു.