കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിലൊരാലാണ് പിണറായി; കെ വി തോമസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് കെ വി തോമസ്. കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിലൊരാലാണ് പിണറായി എന്ന് കെ വി തോമസ് വ്യക്തമാക്കി. ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ടെന്നും പറഞ്ഞ വിഷയങ്ങളിൽ പരിഹാരം കാണുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സിപിഎം സെമിനാറിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗ ഭാഗം വച്ചാണ് തുടങ്ങുന്നത്. കെ റെയിൽ വികസന കാര്യത്തിൽ യോജിപ്പ് വേണം. ഗുണവും ദോഷവും തിരിച്ചറിഞ്ഞ് വേണം വിയോജിക്കാൻ. നെടുമ്പാശ്ശേരി വിമാനത്താവള കാര്യത്തിൽ എല്ലാ പാർട്ടികളും യോജിച്ചാണ് പോയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ശനിയാഴ്ച്ച അഞ്ച് മണിക്കാണ് കെ വി തോമസ് പങ്കെടുക്കുന്ന സെമിനാർ നടക്കുന്നത്. എകെജി നഗറിൽ (ജവഹർ സ്റ്റേഡിയം) നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷ പ്രസംഗം നടത്തും തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിനും കെ വി തോമസിനൊപ്പം ചടങ്ങിൽ പങ്കെടുക്കും.

അതേസമയം, സെമിനാറിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ കെ വി തോമസിന് വലിയ സ്വീകരണമാണ് ലഭിച്ചത്. പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും നൂറ് കണക്കിന് പ്രവർത്തകരും കെ വി തോമസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. എം വി ജയരാജൻ ചുവന്ന ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. തനിക്ക് പറയാനുള്ളതെല്ലാം പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ താൻ പറയുമെന്ന് കെ വി തോമസ് വ്യക്തമാക്കി.