ജൂനിയര്‍ വനിതാ ലോകകപ്പില്‍ ഇന്ത്യ സെമിയില്‍

കേപ്ടൗണ്‍: ജൂനിയര്‍ വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലെത്തി. ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ കീഴടക്കിയത്. 2013ല്‍ വെങ്കലം നേടിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.

ഇന്നലെ കൊറിയക്കെതിരെ മുംതാസ്, ലാല്‍റിന്‍ഡികി, സംഗീത എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. മികച്ച വേഗത്തില്‍ ആക്രമിച്ചു കയറിയ ഇന്ത്യയ്ക്ക് മുന്നില്‍ കൊറിയന്‍ പ്രതിരോധ നിര പലപ്പോഴും ആശയക്കുഴപ്പത്തിലായി. ഇങ്ങനെ കൊറിയന്‍ പ്രതിരോധ നിര ആശയക്കുഴപ്പത്തില്‍ വഴങ്ങിയ പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് മുംതാസ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. നാളെ നടക്കുന്ന സെമിയില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ നേരിടും.