കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയെ സഹായിക്കാനുള്ള ചർച്ചകളാണ് സിപിഎം പാർട്ടി കോൺഗ്രസിൽ നടക്കുന്നത്; വി ഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയെ സഹായിക്കാനുള്ള ചർച്ചകളാണ് കണ്ണൂരിലെ സി.പി.എം പാർട്ടി കോൺഗ്രസിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു കാരണവശാലും കോൺഗ്രസുമായി സന്ധി ചെയ്യില്ലെന്ന നിലപാട് സ്വീകരിക്കാൻ കേരളത്തിലെ സി.പി.എം ഘടകം കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനൊപ്പം നിൽക്കാമെന്ന നിലപാടെടുത്താൽ സിൽവർ ലൈനിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകില്ല. അതിനാൽ കോൺഗ്രസുമായി സന്ധി ചെയ്യില്ലെന്ന ധാരണ കേരളത്തിലെ സി.പി.എം നേതൃത്വവും കേന്ദ്രത്തിലെ ബി.ജെ.പി സംഘപരിവാർ നേതൃത്വവും തമ്മിൽ ഉണ്ടാക്കിയിട്ടുണ്ടെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

കേരളത്തിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ദേശീയതലത്തിൽ ബിജെപിയെ ഒറ്റപ്പെടുത്തി കോൺഗ്രസും ഇടതുപക്ഷ കക്ഷികളും ഒന്നിച്ചു നിൽക്കണമെന്ന തീരുമാനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഏത് ചെകുത്താനുമായും കൂട്ടുകൂടി കോൺഗ്രസിനെ തോൽപ്പിക്കണമെന്ന നിലപാടെടുത്ത പഴയ കാല സി.പി.എം നേതാക്കളുടെ പിൻമുറക്കാർ കോൺഗ്രസ് തകർന്നാലും കുഴുപ്പമില്ല ബി.ജെ.പി ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കോൺഗ്രസ് വിരുദ്ധ സമ്മേളനമായി മാത്രം പാർട്ടി കോൺഗ്രസ് മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.