ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള മുഴുവന്‍ അധികാരങ്ങളും പുതിയ അതോറിറ്റി വരുന്നതു വരെ മേല്‍നോട്ട സമിതിയ്ക്കുണ്ടായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
കേരളത്തിലെയും തമിഴ്നാട്ടിലെയും ഓരോ സാങ്കേതിക വിദഗ്ദരെ കൂടി രണ്ടാഴ്ചക്കകം സമിതിയില്‍ ഉള്‍പ്പെടുത്തും. പൊതുജനങ്ങള്‍ക്കും സമിതിയ്ക്കു മുന്‍പാകെ പരാതി ഉന്നയിക്കാന്‍ സാധിക്കും. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് മേല്‍നോട്ട സമിതി മേയ് ഏഴിന് സുപ്രീം കോടതിയില്‍ നല്‍കണം. മേല്‍നോട്ട സമിതി പുനസംഘടിപ്പിക്കാനും കോടതിയുടെ നിര്‍ദ്ദേശമുണ്ട്.
അതേസമയം, മേല്‍നോട്ട സമിതി അദ്ധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

