സാമ്പത്തിക പ്രതിസന്ധി: കോടീശ്വരന്മാര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി ശ്രീലങ്ക

കൊളംബോ: അതിസമ്പന്നര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി ശ്രീലങ്കന്‍ സര്‍ക്കാര്‍. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും കോടീശ്വരന്മാര്‍ക്കുമാണ് പുതിയ നികുതി ബാധകമാവുക.

അതേസമയം, രാജ്യത്ത് അവശ്യ മരുന്ന് ക്ഷാമം രൂക്ഷമായതോടെ ഗുരുതര രോഗികള്‍ ആശങ്കയിലാണ്. പുതിയ സാമ്പത്തിക വര്‍ഷം ലങ്കയുടെ അവസ്ഥ കൂടുതല്‍ മോശമാകുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു യു.എസ് ഡോളറിന് 310 ലങ്കന്‍ രൂപ എന്ന നിലയിലേക്ക് ശ്രീലങ്കന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞു താണിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി കാരണം ജനങ്ങള്‍ ഇപ്പോഴും രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. ഘടക കക്ഷികള്‍ എല്ലാം പിന്മാറിയതോടെ പാര്‍ലമെന്റില്‍ ഇപ്പോള്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. എന്നാല്‍, അധികാരം ഒഴിയില്ലെന്ന നിലപാട് തുടരുകയാണ് ഗോതബായ രജപക്‌സെയും മഹിന്ദ രജപക്‌സെയും.