കനത്ത മഴ; സംസ്ഥാനത്തുണ്ടായത് വൻ നാശനഷ്ടം, 9 പേർക്ക് മിന്നലേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. തിരുവനന്തപുരം പോത്തൻകോട് തൊഴിലുറപ്പ് ജോലിക്കിടെ ഒൻപത് പേർക്ക് മിന്നലേറ്റു. തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്തിലെ മണലകം വാർഡിൽ ജോലി ചെയ്യുകയായിരുന്ന 9 പേർക്കാണ് മിന്നലേറ്റത്. ഇവർക്ക് പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു.

കോഴിക്കോട് കൊടുവള്ളിയിൽ തെങ്ങുവീണ് ഒരാൾക്ക് പരിക്കേറ്റു. തൃശൂർ ഒല്ലൂരിൽ മരംവീണ് ഏറനേരം ഗതാഗതം തടസപ്പെടുകയും ചെയ്തു. മലപ്പുറത്ത് മഞ്ചേരി, വേങ്ങര, പാണക്കാട്, കാരക്കുന്ന് മേഖലകളിൽ കനത്ത മഴയും കാറ്റും അനുഭവപ്പെട്ടു. നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു. വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിൽ മരങ്ങൾ വീണതിനെ തുടർന്ന് പാർക്ക് താത്ക്കാലികമായി അടച്ചു.

തൃശൂർ, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലും ശക്തമായ മഴ പെയ്തു. മലപ്പുറത്ത് വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരംവീണു. വൈകുന്നേരം കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പുതിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.