ന്യൂഡൽഹി: രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മറ്റ് പ്രാദേശിക ഭാഷകളല്ല, ഹിന്ദിയാണ് ഇംഗ്ലീഷിന് പകരമാകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റ് പ്രാദേശിക ഭാഷകളിൽ നിന്നുള്ള വാക്കുകൾ സ്വീകരിച്ച് ഹിന്ദിയെ വഴക്കമുള്ളതാക്കണമെന്നും അല്ലെങ്കിൽ അത് പ്രചരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഔദ്യോഗിക ഭാഷ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയമാണിത്. രാജ്യത്തെ പൗരന്മാർ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ എപ്പോഴും ഇന്ത്യൻ ഭാഷകൾ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ ഭാഷയുടെ ഉപയോഗത്തിന് അതിയായ പ്രാധാന്യം നൽകുന്നുണ്ട്. മന്ത്രിസഭയുടെ അജണ്ടയുടെ 70 ശതമാനവും ഇപ്പോൾ ഹിന്ദിയിലാണ് തയ്യാറാക്കുന്നത്. എട്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും ഈ സംസ്ഥാനങ്ങൾ പത്താം ക്ലാസ് വരെയുള്ള സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

