ന്യൂഡല്‍ഹി: ദേശീയ സുരക്ഷ, ഇന്ത്യയുടെ വിദേശ ബന്ധം എന്നിവയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ ഏകോപിപ്പിക്കാനും ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇരുപത്തിരണ്ട് യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകള്‍, മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ഒരു എഫ്ബി അക്കൗണ്ട് എന്നിവ ബ്ലോക്ക് ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ്. ഒരു വാര്‍ത്താ വെബ്സൈറ്റും ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ സായുധ സേന, ജമ്മു കശ്മീര്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാന്‍ ഒന്നിലധികം യുട്യൂബ് ചാനലുകള്‍ ഉപയോഗിച്ചു. ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട ഉള്ളടക്കത്തില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഒന്നിലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് പോസ്റ്റ് ചെയ്ത ചില ഇന്ത്യാ വിരുദ്ധ ഉള്ളടക്കവും ഉള്‍പ്പെടുന്നു. ഉക്രെയ്നിലെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട് ഈ ഇന്ത്യന്‍ യൂട്യൂബ് അധിഷ്ഠിത ചാനലുകള്‍ പ്രസിദ്ധീകരിച്ച തെറ്റായ ഉള്ളടക്കത്തെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശബന്ധം അപകടത്തിലാക്കുന്നതായും നിരീക്ഷിക്കപ്പെട്ടു. വാര്‍ത്ത ആധികാരികമാണെന്ന് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ബ്ലോക്ക് ചെയ്യപ്പെട്ട ഇന്ത്യന്‍ യൂട്യൂബ് ചാനലുകള്‍ ചില ടിവി വാര്‍ത്താ ചാനലുകളുടെ ടെംപ്ലേറ്റുകളും ലോഗോകളും ഉപയോഗിച്ചു.
ചില സന്ദര്‍ഭങ്ങളില്‍, ഇന്ത്യാ വിരുദ്ധ വ്യാജവാര്‍ത്തകള്‍ പാകിസ്ഥാനില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്നും നിരീക്ഷിക്കപ്പെട്ടു. ഈ നടപടിയോടെ, 2021 ഡിസംബര്‍ മുതല്‍, ദേശീയ സുരക്ഷ, ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പൊതു ക്രമം മുതലായവയുമായി ബന്ധപ്പെട്ട 78 യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകളും മറ്റ് നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാന്‍ മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

