ശ്രീരാമ കീര്‍ത്തനം പശ്ചാത്തല സംഗീതമായി കേള്‍പ്പിച്ച് ഹിന്ദു നായിക ബീഫ് കഴിക്കുന്നു; ‘ഹൃദയ’ത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വിദ്വേഷ പ്രചരണം

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ‘ഹൃദയ’ത്തിലെ രംഗങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം. ത്യാഗരാജന്റെ ശ്രീരാമ കീര്‍ത്തനമായ നഗുമോ പശ്ചാത്തല സംഗീതമായി കേള്‍പ്പിച്ച് ഹിന്ദു നായകനും നായികയും ബിഫ് കഴിക്കുന്നു എന്നതാണ് വിദ്വേഷ പ്രചരണം തുടങ്ങിയിരിക്കുന്നത്. രാകേഷ് തിയ്യന്‍ എന്ന പ്രൊഫൈലില്‍ വന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

‘മലയാളം സിനിമയായ ഹൃദയത്തില്‍ സ്ലോ മോഷനില്‍ നടന്നു വരുന്ന ഹിന്ദു നായകനും നായികയും ത്യാഗരാജന്റെ ശ്രീരാമ കീര്‍ത്തനമായ നഗുമോ പശ്ചാത്തല സംഗീതമായി കേള്‍പ്പിച്ച് ബിഫ് കഴിക്കുന്നു. വൃത്തികെട്ട സെക്കുലര്‍ M/C(മുസ്ലിം/ ക്രിസ്ത്യന്‍) നല്‍കുന്ന ബീഫ് ഭക്തിയുള്ള ഹിന്ദു പെണ്‍കുട്ടികള്‍ കഴിക്കണമെന്ന് അറിയിക്കാനാണ് ഉദ്ദേശം,’ ചിത്രത്തിലെ വീഡിയോ പങ്കുവെച്ച് രാകേഷ് കുറിക്കുന്നു. ഹൃദയത്തിലെ മറ്റൊരു രംഗത്തിനെതിരെയും സമാനരീതിയില്‍ വിദ്വേഷ പ്രചരണം നടന്നിരുന്നു. നായകന്റെ സുഹൃത്ത് ഗോമാതാ ടീ സ്റ്റാളില്‍ നിന്നും ചായ കുടിക്കുന്നതും ഇവിടെ സദാചാരക്കാരൊന്നുമില്ലല്ലോ എന്ന ഡയലോഗ് പറഞ്ഞതുമാണ് ചര്‍ച്ചയായത്.

വാലന്റൈന്‍സ് ദിനത്തില്‍ മറൈന്‍ഡ്രൈവില്‍ യുവതി യുവാക്കളെ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ചൂരല്‍ വടി ഉപയോഗിച്ച് അടിച്ചോടിച്ച സംഭവം ചിത്രത്തിലുണ്ട്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിര്‍മിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.