വ്യാപാരിയെ ബന്ദിയാക്കി പണം തട്ടി; കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് കൗൺസിലർ അറസ്റ്റിൽ

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് കൗൺസിലർ അറസ്റ്റിൽ. കടവന്ത്രയിൽ വസ്ത്ര വ്യാപാരിയെ ബന്ദിയാക്കി പണം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് നടപടി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ ടിബിൻ ദേവസിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ടിബിനോടൊപ്പം മറ്റ് രണ്ടു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാസർകോട് സ്വദേശി ഷിയാസ്, കാക്കനാട് സ്വദേശി ഷമീ തുടങ്ങിയവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. മെഡിക്കൽ പരിശോധനകൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് എളമക്കര പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർകോട് സ്വദേശിയായ വസ്ത്ര വ്യാപരിയെ ബന്ദിയാക്കി പ്രതികൾ പണം കവരുകയായിരുന്നു. ഷിയാസും വ്യാപാരിയും തമ്മിൽ മുൻപ് ചില തർക്കങ്ങൾ നടന്നിരുന്നു. തുടർന്നാണ് ഇവർ വ്യാപാരിയെ തട്ടിക്കൊണ്ടുപോയത്. വ്യാപാരിയെ ബന്ദിയാക്കി വച്ചശേഷം രണ്ട് ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.