തൃശൂർ പൂരം; വെടിക്കെട്ടിന് അനുമതി നൽകി പെസോ

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകി കേന്ദ്ര ഏജൻസിയായ പെസോ. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി ലഭിച്ചത്. ഇത് അല്ലാതെയുള്ള വസ്തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുതെന്നാണ് പെസോ നൽകിയിരിക്കുന്ന നിർദ്ദേശം. മെയ് പത്തിനാണ് തൃശൂർ പൂരം. മെയ് എട്ടിന് സാംപിൾ വെടിക്കെട്ടും മെയ് പതിനൊന്നിന് പുലർച്ചെ പ്രധാന വെടിക്കെട്ടും നടക്കും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തൃശൂർ പൂരം മികച്ച നിലയിൽ ആഘോഷിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. യോഗത്തിൽ റവന്യൂ മന്ത്രി കെ രാജനും യോഗത്തിൽ പങ്കെടുത്തിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പൂരം എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. വിവിധ വകുപ്പുകൾ പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി തേടി കലക്ടർക്ക് റിപ്പോർട്ട് ചെയ്യണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു.

ഏപ്രിൽ പകുതിയോടെ മന്ത്രിതല യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും. പി ബാലചന്ദ്രൻ എം എൽ എ, തൃശൂർ മേയർ എം കെ വർഗീസ്, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് , ദേവസ്വം പ്രിൻസിപ്പൽ സെകട്ടറി കെ ആർ ജ്യോതിലാൽ, തൃശൂർ ഡി ഐ ജി എ അക്ബർ, കലക്ടർ ഹരിത വി കുമാർ , തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ ആദിത്യ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ, കൊച്ചിൻ ദേവസ്വം ബോർഡ് കമീഷണർ, പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ ഉദ്യാഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.