അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷാ സംവിധാനത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമം; പാകിസ്ഥാന്‍കാരായ രണ്ട് പേര്‍ എഫ്ബിഐ പിടിയില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള ഉന്നത രഹസ്യാന്വേഷണ വിഭാഗത്തിലേക്കും സുരക്ഷാ സംവിധാനത്തിലേക്കും നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാകിസ്ഥാന്‍കാരായ ഏരിയന്‍ തഹെര്‍സാദെ, ഹൈദര്‍ അലി എന്നിവരെ എഫ്ബിഐ അറസ്റ്റു ചെയ്തു.

വാഷിംഗ്ടണ്‍ ഡി സിയിലെ അപ്പാര്‍ട്ടുമെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. ഈ അപ്പാര്‍ട്ടുമെന്റിന്റെ വിവിധ ഭാഗങ്ങളുള്‍പ്പടെ വീഡിയോയില്‍ പകര്‍ത്തിയിരുന്നു എന്നും കണ്ടെത്തി. അപ്പാര്‍ട്ടുമെന്റിലെ താമസക്കാരുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഇവര്‍ താമസക്കാരുടെ സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും, താമസക്കാരുടെ വ്യക്തിവിവരങ്ങള്‍ കൈക്കലാക്കിയിട്ടുണ്ടെന്നും സംശയമുണ്ട്. അറസ്റ്റിലായ ഹൈദര്‍ അലിക്ക് ഇറാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിസകള്‍ ഉണ്ടായിരുന്നതായി ഫെഡറല്‍ ലോ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

ഏരിയന്‍ തഹെര്‍സാദെ, ഹൈദര്‍ അലി എന്നിവര്‍ക്ക് എങ്ങനെ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കാന്‍ അനുവാദം ലഭിച്ചതില്‍ അമേരിക്കന്‍ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.