ന്യൂയോർക്ക്: യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്‌പെൻഡ് ചെയ്തു. ജനറൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് അംഗങ്ങൾ ഇതുസംബന്ധിച്ച പ്രമേയത്തെ പിന്തുണച്ചു. യുക്രൈനിൽ റഷ്യ നടത്തുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ആരോപിച്ചാണ് നടപടി.
അതേസമയം, പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. യുഎസ് ആണ് പ്രമേയം അവതരിപ്പിച്ചത്. 197 അംഗ അസംബ്ലിയിൽ 93 രാജ്യങ്ങൾ റഷ്യയെ സസ്പെൻഡ് ചെയ്യുന്നതിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 24 രാജ്യങ്ങൾ എതിർത്തു. ഇന്ത്യ ഉൾപ്പെടെ 57 രാജ്യങ്ങളാണ് പ്രമേയത്തിൽ നിന്നും വിട്ടുനിന്നു. ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രശ്നം പരിഹരിക്കണമെന്ന നിലപാടാണ് റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ തുടക്കം മുതൽ ഇന്ത്യ സ്വീകരിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ടിഎസ് തിരുമൂർത്തി അറിയിച്ചു.
രക്തച്ചൊരിച്ചിൽ കൊണ്ടും നിരപരാധികളുടെ ജീവനെടുത്തും യാതൊരു പരിഹാരവും ഉണ്ടാക്കാനാകുമെന്ന് ഇന്ത്യ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ഇന്ത്യ ആരുടെയെങ്കിലും പക്ഷം ചേരുകയാണെങ്കിൽ അത് സമാധാനത്തിന്റെയും സംഘർഷം അവസാനിപ്പിക്കുന്നതിന്റെയും പക്ഷത്തായിരിക്കുമെന്നും അദ്ദേഹം വിശദമാക്കി.

