കെ-റെയില്‍: ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ ഇടപെടുമെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കെ-റെയില്‍ വിഷയത്തില്‍ ജനവികാരം സര്‍ക്കാര്‍ മാനിക്കുമെന്നാണ് കരുതുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ ഇടപെടും. വിഷയത്തില്‍ വ്യക്തിപരമായ അഭിപ്രായം പറയുന്നില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.

അതേസമയം, കെ-റെയില്‍ പദ്ധതിയില്‍ സാമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്ര അനുമതിയുണ്ടോയെന്ന് വിശദീകരിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഭൂമിയില്‍ സര്‍വ്വേ കല്ലുകള്‍ കണ്ടാല്‍ ലോണ്‍ നല്‍കാന്‍ ബാങ്കുകള്‍ മടിക്കില്ലേ എന്നും കോടതി ചോദിച്ചു. പദ്ധതിയ്ക്കായി സാമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ, സര്‍വ്വേയ്ക്കായി സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം സര്‍വ്വേസ് ആന്റ് ബൗണ്ടറീസ് ആക്ടില്‍ വ്യക്തമാക്കിയ അളവിലുള്ളതാണോ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലൂടെ നിര്‍ദ്ദിഷ്ട പാത കടന്നു പോകുന്നുണ്ടോ എന്നീ കാര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വ്യക്തതയുണ്ടാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, പദ്ധതിക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കാനും സര്‍വ്വേ നടത്താനും സ്വകാര്യ ഭൂമിയില്‍ കയറാന്‍ അധികാരമുണ്ടെന്ന് കെ-റെയില്‍ അധികൃതര്‍ വ്യക്തമാക്കി. ആരെയും ഭയപ്പെടുത്തിയല്ല സര്‍വ്വേ നടത്തുന്നത്. പോലീസ് എത്തിയത് സര്‍വ്വേ നടത്തുന്നവരുടെ സംരക്ഷണത്തിനാണ്. പല സ്ഥലത്തും പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഉപകരണങ്ങള്‍ കേട് വരുത്തുകയും ചെയ്‌തെന്ന് കെ-റെയില്‍ അധികൃതര്‍ വിശദീകരിച്ചു.