സംസ്ഥാനത്ത് മണ്ണെണ്ണ വിതരണത്തില്‍ പ്രതിസന്ധിയുണ്ടാവില്ല: ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ മണ്ണെണ്ണ വിതരണത്തില്‍ പ്രതിസന്ധിയുണ്ടാവില്ലെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കേരളത്തിന് 20,000 കിലോ ലിറ്റര്‍ മണ്ണെണ്ണ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതിനാല്‍ മുന്‍പ് കേന്ദ്രവിഹിതം വെട്ടിക്കുറച്ചതു മൂലമുണ്ടായ സാഹചര്യം മറികടക്കാന്‍ സംസ്ഥാനത്തിന് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ കരുതല്‍ ശേഖരത്തിലുള്ള മണ്ണെണ്ണ ഈ മാസം 16 വരെ മഞ്ഞ കാര്‍ഡുകാര്‍ക്ക് പഴയ വിലയായ 53 രൂപയ്ക്ക് തന്നെ ലഭിക്കും. മാത്രമല്ല മണ്ണെണ്ണ കമ്പനികളുമായി സംസാരിച്ച് കൂടുതല്‍ മണ്ണെണ്ണ വാങ്ങാനുള്ള സാധ്യത നിലവിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, മണ്ണെണ്ണയുടെ വില വര്‍ധനവ് അസഹനീയമാണ്. വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് പൂര്‍ണമായും വിട്ടുകൊടുക്കുന്ന കേന്ദ്രത്തിന്റെ നയമാണ് വില ഇത്രയും വര്‍ധിക്കാനുള്ള കാരണം. വിഹിതം കുറച്ചു കൊണ്ടുവരികയാണ് കേന്ദ്രത്തിന്റെ നയമെന്നും മന്ത്രി വിമര്‍ശിച്ചു.