ചെന്നൈ: വിജയ് നായകനാകുന്ന ‘ബീസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് തമിഴ്നാട് മുസ്ലിം ലീഗ്. ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചുവെന്ന ആരോപണം ഉയര്‍ത്തിയാണ് നിരോധനം ആവശ്യപ്പെട്ടിട്ടുള്ളത്. ചിത്രത്തിന്റെ റിലീസ് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്‌കെ പ്രഭാകറിന് ലീഗ് കത്തു നല്‍കിയതായി തമിഴ്നാട് മുസ്ലിം ലീഗ് അധ്യക്ഷന്‍ വിഎംഎസ് മുസ്തഫ അറിയിച്ചു.
‘തീവ്രവാദം, ബോംബാക്രമണം വെടിവെപ്പുകള്‍ എന്നിവയ്ക്ക് പിന്നില്‍ മുസ്ലീമുകള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കുകയാണ്. ഇത് ഖേദകരമാണ്. ‘ബീസ്റ്റ്’ പ്രദര്‍ശനത്തിനെത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്ക് നയിക്കും’ മുസ്ലിം ലീഗ് കത്തില്‍ വ്യക്തമാക്കി. കുവൈറ്റിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നതിനാല്‍ ചിത്രം കുവൈറ്റില്‍ വിലക്കിയതായും ലീഗ് ചൂണ്ടിക്കാട്ടി.

