കാലാവസ്ഥാ വ്യതിയാനം ഇനി കുട്ടികള്‍ പറയട്ടെ; സ്‌കൂളുകളില്‍ വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു

കോഴിക്കോട്: സമഗ്രശിക്ഷാ കേരള സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 250 ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. ജിയോഗ്രഫി ഓപ്ഷന്‍ വിഷയമുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലാണ് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. മഴയുടെ അളവ്, കാറ്റിന്റെ വേഗം, അന്തരീക്ഷമര്‍ദ്ദം എന്നിവ നിരീക്ഷിച്ച് കുട്ടികള്‍ പ്രത്യേക ചാര്‍ട്ടില്‍ രേഖപ്പെടുത്തും.

സ്‌കൂള്‍ വെതര്‍ സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന ഡേറ്റ വിദ്യാര്‍ഥികള്‍ പ്രത്യേക ചാര്‍ട്ടില്‍ രേഖപ്പെടുത്തിയാല്‍ പ്രാഥമിക ഡേറ്റ സ്‌കൂള്‍ വിക്കിയിലും വിശദ ഡാറ്റ എസ്.എസ്.കെയുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും, കാലാവസ്ഥയില്‍ വരാവുന്ന മാറ്റം നിര്‍ണയിച്ച് ജനങ്ങള്‍ക്ക് വിവരം കൈമാറാനും ഇതിലൂടെ സാധിക്കും. കാലാവസ്ഥാ നിരീക്ഷണവും പഠനവും കൂടുതല്‍ വികേന്ദ്രീകൃതമാവും.

പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം നല്‍കു ജ്യോഗ്രഫി അധ്യാപകരാകും വിദ്യാര്‍ഥികളെ വെതര്‍‌സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന് പ്രാപ്തമാക്കുക. അതേസമയം, രാജ്യത്ത് ആദ്യമായാണ് സ്‌കൂളുകളില്‍ വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതെന്ന് എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുള്‍ ഹക്കിം പറഞ്ഞു.