‘തൊഴിലാളി യൂണിയനുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്’; കെഎസ്ഇബി ചെയര്‍മാനെതിരെ എം.എം മണി

കണ്ണൂര്‍: കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോകിനെതിരെ വിമര്‍ശനവുമായി മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി രംഗത്ത്. ഇത് അടിയന്തരാവസ്ഥാകാലമല്ലെന്നും കെഎസ്ഇബിയിലെ ഇടത് സംഘടനയുടെ പ്രസിഡന്റായ എം. ജി സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ശരിയായില്ലെന്നും മണി തുറന്നടിച്ചു. തൊഴിലാളി യൂണിയനുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. നേരത്തെ എംഎം മണിയുടേയും എകെ ബാലന്റെയും സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാര്‍.

കഴിഞ്ഞ ദിവസമാണ് ബോര്‍ഡ് ചെയര്‍മാന്‍ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ്ഇബി ചെയര്‍മാന്‍ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. എന്നാല്‍, വിഷയത്തില്‍ ചെയര്‍മാനെ തള്ളാതെയായിരുന്നു വെദ്യുതി വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടിനേരത്തെ പ്രതികരിച്ചത്. ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ. ചെയര്‍മാന് കടുംപിടിത്തമുണ്ടെന്ന് തോന്നുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സമരത്തിന്റെ മറവില്‍ അക്രമ പ്രവര്‍ത്തനം നടത്തുകയോ കെഎസ്ഇബിയുടെ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് കെഎസ്ഇബി മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുള്ളത്. കേവലം പ്രതിഷേധിച്ചവര്‍ക്കെതിരെ ഒരു നടപടിയും ആലോചിച്ചിട്ടില്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ വിശദീകരിച്ചു.