നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. ഈ മാസം അഞ്ചിനകം അന്വേഷണം കേസ് അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

കേസിൽ തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ. ഇതുവരെയുള്ള അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോൾ ചെന്നൈയിൽ ആണെന്നാണ് കാവ്യ മറുപടി നൽകിയതെന്നും അടുത്ത ആഴ്ച നാട്ടിൽ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷൻ കോടതിൽ വിശദമാക്കി.

സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ ചില പുതിയ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളിൽ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. അതിനാൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. ചില വിവരങ്ങളും സൂരജിന്റെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതിനാൽ സൂരജ്, അനൂപ് എന്നിവരെയും തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.