കേരളത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ച് കേന്ദ്രം; വില ലിറ്ററിന് 81 രൂപയിൽ കുറയില്ല

തിരുവനന്തപുരം: കേരളത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ച് കേന്ദ്രം. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന സംസ്ഥാന ഭക്ഷ്യ മന്ത്രി ജി ആർ അനിലിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കേന്ദ്ര പെട്രോളിയം സഹമന്ത്രി രമേശ്വർ തേലിയാണ് കേരളത്തിന് കൂടുതൽ മണ്ണെണ്ണ അനുവദിച്ചത്. അതേസമയം, മണ്ണെണ്ണയുടെ വില ലിറ്ററിന് 81 രൂപയിൽ കുറയില്ല. അധിക മണ്ണെണ്ണ ലഭിക്കുന്നതോടെ പതിവുപോലെ വിഹിതം നൽകാൻ സംസ്ഥാനത്തിന് കഴിയും.

കേന്ദ്ര മന്ത്രാലയം ഉന്നതതല ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് കേരളത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കാൻ തീരുമാനിച്ചത്. എണ്ണക്കമ്പനികളുമായി സംസാരിച്ച് കഴിഞ്ഞ വർഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം അഡ്വാൻസായി നൽകാൻ നടപടി സ്വീകരിക്കാനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന് അനുവദിച്ച പാദ വാർഷിക മണ്ണെണ്ണ ക്വാട്ട ഘട്ടം ഘട്ടമായി കേന്ദ്ര സർക്കാർ വെട്ടികുറച്ചിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള സബ്‌സിഡിയുള്ള മണ്ണെണ്ണ വിഹിതം 40 മുതൽ 60 ശതമാനം വരെ കുറഞ്ഞു. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. തുടർന്നാണ് മണ്ണെണ്ണ വിഹിതം വർധിപ്പിക്കാൻ ജി ആർ അനിൽ ആവശ്യപ്പെട്ടത്.

മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയാണ് മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലമുണ്ടാകുന്നതെന്ന് മന്ത്രി അനിൽ അറിയിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വിമർശനം അടിസ്ഥാനരഹിതമാണ്. മണ്ണെണ്ണ കേരളത്തിൽ കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. കേരളത്തിന്നുള്ള മണ്ണണ്ണ സബ്‌സിഡി വർധിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാടില്ലെങ്കിൽ അടുത്ത നടപടി ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.