എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ഓശാന ഞായർ മുതൽ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ഓശാന ഞായർ മുതൽ ആരംഭിക്കും. സീറോ മലബാർ സഭാ സിനഡാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഡിസംബർ 25 വരെ ജനാഭിമുഖ കുർബാന തുടരാൻ അതിരൂപതയിലെ പള്ളികൾക്ക് ഇളവ് നൽകിക്കൊണ്ട് ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ ഇറക്കിയ സർക്കുലർ സിനഡ് അസാധുവാക്കി. ഓശാന ഞായർ ദിവസം എറണാകുളം ബസിലിക്ക പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ എന്നിവർ സംയുക്തമായി ഏകീകൃത കുർബാന അർപ്പിക്കും.

അതിരൂപതയ്ക്ക് കീഴിലുള്ള ഏതെങ്കിലും പള്ളികളിൽ പുതിയ ആരാധനാക്രമം ഏർപ്പെടുത്താൻ അസൗകര്യങ്ങൾ ഉണ്ടെങ്കിൽ ആർച്ച് ബിഷപ്പിനോട് ഇളവ് തേടാം. കർദ്ദിനാളിന്റെ അംഗീകാരത്തോടെ സമയപരിധി നിശ്ചയിച്ച് ഇളവ് അനുവദിക്കാമെന്നും സിനഡ് അറിയിച്ചു. ഓശാന ഞായർ മുതൽ പരിഷ്‌കരിച്ച കുർബാന രീതിയിലേക്ക് മാറാൻ മാർപാപ്പ അതിരൂപതയ്ക്ക് നേരത്തെ കത്ത് അയച്ചിരുന്നു.

ഈസ്റ്ററിന് മുമ്പ് ഏകീകൃത കുർബാന ക്രമത്തിലേക്ക് മാറണമെന്ന് കത്തിൽ മാർപ്പാപ്പ നിർദ്ദേശിക്കുന്നു. ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയാണ് മാർപ്പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്തയച്ചത്. അതിരൂപത മേജർ ആർച്ച് ബിഷപ്പ്, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർക്കാണ് ഫ്രാൻസിസ് പാപ്പ കത്തയച്ചത്. സിനഡ് നിശ്ചയിച്ച പോലെ 2021 നവംബർ 28 മുതൽ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുർബാന നടപ്പാക്കാത്ത് ഖേദകരമാണെന്നും ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാനയിലേക്ക് മാറണമെന്നും കത്തിൽ നിർദ്ദേശിച്ചിരുന്നു.

വേദനാജനകമാണെങ്കിലും ത്യാഗത്തിന് തയ്യാറാകണം. ഏകീകൃത ക്രമത്തിലേക്ക് മാറാൻ സമയം വേണമെങ്കിൽ ഇടവകൾക്ക് ആവശ്യപ്പെടാം. കാനൻ നിയമത്തിന് അനുസൃതമായി സമയ ബന്ധിതമായ ഇളവ് നൽകും. കർത്താവിൽ വിതച്ചാൽ അവിടത്തൊടൊത്ത് കൊയ്യാമെന്നും കാറ്റ് വിതച്ചാൽ കൊടുങ്കാറ്റ് കൊയ്യേണ്ടി വരുമെന്നും കത്തിൽ അറിയിച്ചിരുന്നു.