തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. ദുരന്തനിവാരണ ആക്ട് അനുസരിച്ച് കേരളത്തിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും ഉൾപ്പെടെയുള്ള ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കി. ഇതുസംബന്ധിച്ച ഉത്തരവും സർക്കാർ പുറത്തിറക്കി.
അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് 19 മാർഗനിർദ്ദേശങ്ങൾ തുടരും. മാസ്‌കും വ്യക്തിശുചിത്വവും തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ നിർദ്ദേശിക്കുന്നു. കോവിഡ് നിയമ ലംഘനത്തിന് ഇനി മുതൽ ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസ് ഉണ്ടാകില്ല. രണ്ട് വർഷം മുൻപാണ് കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കേന്ദ്ര നിർദേശ പ്രകാരമായിരുന്നു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
കേരളത്തിൽ 291 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂർ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂർ 9, വയനാട് 5, കാസർഗോഡ് 3, പാലക്കാട് 2 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. മുൻ ദിവസത്തിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള ഒരു മരണവും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 34 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,264 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 323 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 39, കൊല്ലം 8, പത്തനംതിട്ട 23, ആലപ്പുഴ 16, കോട്ടയം 54, ഇടുക്കി 13, എറണാകുളം 68, തൃശൂർ 27, പാലക്കാട് 2, മലപ്പുറം 12, കോഴിക്കോട് 39, വയനാട് 7, കണ്ണൂർ 10, കാസർഗോഡ് 5 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2398 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

