ന്യൂഡൽഹി: നാഷണൽ കോൺഫ്രൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ജമ്മു കശ്മീർ ബാങ്ക് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസിൽ ഒമർ അബ്ദുള്ളയുടെ പങ്ക് അന്വേഷണം പൂർത്തിയായതിനു ശേഷമേ പുറത്തുവിടാൻ കഴിയൂവെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർ അറിയിച്ചു.
ചോദ്യം ചെയ്യലിനായി ഒമർ അബ്ദുള്ള എൻഫോഴ്‌സ്‌മെന്റ് നിർദ്ദേശ പ്രകാരം വ്യാഴാഴ്ച ഡൽഹിയിൽ എത്തിയിരുന്നു. ജമ്മു കശ്മീർ ബാങ്കിൽ നിന്നും വായ്പ അനുവദിച്ചതിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ബാങ്കിന്റെ മുൻ ചെയർമാൻ മുഷ്താഖ് അഹമ്മദ് ഷെയ്ഖ് ഉൾപ്പടെയുള്ളവരെ പ്രതി ചേർത്താണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം, ഇ.ഡി. ഉൾപ്പടെയുള്ള ഏജൻസികൾ കോടതിക്കും അതീതമായാണ് പ്രവർത്തിക്കുന്നതെന്ന് നാഷണൽ കോൺഫ്രൻസ് വിമർശിച്ചു.

