കെ റെയിൽ വിഷയത്തിൽ മറുപടി പറയാൻ കേന്ദ്രസർക്കാരും ബാധ്യസ്ഥർ; ഹൈക്കോടതി

കൊച്ചി: കെ റെയിൽ വിഷയത്തിൽ മറുപടി പറയാൻ കേന്ദ്രസർക്കാരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. വിഷയത്തിൽ വ്യക്തത വേണമെന്ന് കോടതി ആവശ്യപ്പെട്ടു. സാമൂഹികാഘാത പഠനത്തിന് കേന്ദ്രാനുമതി ഉണ്ടോയെന്ന് മറുപടി അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ജനങ്ങൾക്ക് മുൻകൂർ നോട്ടിസ് നൽകിയ ശേഷമാണോ ഉദ്യോഗസ്ഥർ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത്, സാമൂഹിക ആഘാത പഠനം നടത്താൻ അനുമതിയുണ്ടോ, സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമാണോ തുടങ്ങിയ കാര്യങ്ങളിലാണ് കോടതി വ്യക്തത ആവശ്യപ്പെട്ടത്. പുതുച്ചേരിയിലൂടെ റെയിൽ പോകുന്നുണ്ടോയെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെടുന്നു. കെ റെയിൽ പദ്ധതിയുടെ സർവേ സംബന്ധിച്ച് കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്നാണ് ഹൈക്കോടതി പറഞ്ഞത്.

എന്താണ് ചെയ്യാൻ പോകുന്നതെന്നു കേന്ദ്ര സർക്കാരിനു പറയാമായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. സർവേ നടത്താനാവില്ലെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സിൽവർലൈൻ പദ്ധതിക്കായി കെ റെയിൽ എന്നെഴുതിയ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

കെ റെയിൽ പദ്ധതിയിൽ 49% ഓഹരി പങ്കാളിത്തമുള്ള കേന്ദ്ര സർക്കാർ സർവേ സംബന്ധിച്ചു വ്യക്തത വരുത്തണമായിരുന്നു. ഇത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, സിൽവർലൈൻ പദ്ധതിക്കായി ഈ ഘട്ടത്തിൽ ഭൂമി ഏറ്റെടുക്കുമെന്ന് ആശങ്ക വേണ്ടെന്നും കോടതി അറിയിച്ചിരുന്നു.