ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി സർക്കാർ അക്ഷീണം പ്രയത്‌നിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ ദിനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ആരോഗ്യ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകരുടെ അവരുടെ കഠിനാധ്വാനമാണ് നമ്മെ സംരക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ആയുഷ്മാൻ ഭാരത് ആണ് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി. ഇതിൽ രാജ്യത്തെ ഓരോ പൗരന്മാർക്കും അഭിമാനിക്കാം. പിഎംജൻ ഔഷധി പോലുള്ള പദ്ധതികൾ ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുമ്പോൾ തനിക്ക് വളരെ സന്തോഷം തോന്നുന്നുണ്ടെന്നും. ദരിദ്രർക്കും ഇടത്തരക്കാർക്കും താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം ആരോഗ്യ മേഖല മുഴുവൻ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ എട്ട് വർഷത്തിനിടെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ വലിയ പുരോഗതി ഉണ്ടായി. നിരവധി പുതിയ മെഡിക്കൽ കോളേജുകൾ വന്നുവെന്നും പ്രാദേശിക ഭാഷകളിൽ മെഡിസിൻ പഠനം സാദ്ധ്യമാക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ നിരവധി യുവാക്കളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

