കണ്ണൂർ: 23 -ാം പാർട്ടി കോൺഗ്രസ്സിൽ ചൈനയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുമ്പോഴും വിഷയത്തിൽ ജാഗ്രതയോടെ ഇടപെടാനൊരുങ്ങി സിപിഎം. പാർട്ടിക്കെതിരെ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളത് ചൈനാചാരന്മാർ എന്ന പ്രയോഗമാണ്. അതിനാൽ ചൈനയ്ക്ക് രാഷ്ട്രീയപിന്തുണ പ്രഖ്യാപിക്കുമ്പോൾത്തന്നെ ഇക്കാര്യത്തിൽ ശ്രദ്ധവേണമെന്നാണ് പാർട്ടി കോൺഗ്രസ് ചർച്ചചെയ്യുന്ന രാഷ്ട്രീയ രേഖയിൽ മുന്നറിയിപ്പ് നൽകുന്നു.
റഷ്യക്കെതിരെ കടുത്ത വിമർശനവും കരട് രാഷ്ട്രീയ പ്രമേയ അവതരണത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉന്നയിച്ചിട്ടുണ്ട്. പുടിന്റേത് സങ്കുചിത ദേശീയ ചിന്താഗതിയാണന്നും, ഇത് പ്രതിസന്ധയുടെ വ്യാപ്തി വർധിപ്പിച്ചുവെന്നും ശ്രീലങ്ക നേരിടുന്നത് ആഗോളവത്കരണ പാതയുടെ പ്രതിസന്ധിയാണെന്നെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു.
മൂന്ന് മണിക്കൂർ നീണ്ട കരട് പ്രമേയമാണ് സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ചത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് അവതരണം നടത്തിയത്. ചൈനയെ പിടിച്ചുകെട്ടാനാണ് യു എസ് മുൻകാലങ്ങളിൽ ശ്രമിച്ചതെന്ന് കരട് പ്രമേയത്തിൽ പറയുന്നു.
കോവിഡിന് ശേഷമുള്ള ലോകത്ത് ചൈനയെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്താനാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും ചൈനയ്‌ക്കെതിരേയുള്ള സാമ്രാജ്യത്വനീക്കമായ ക്വാഡ് സഖ്യത്തിൽനിന്ന് ഇന്ത്യ പിൻവാങ്ങണമെന്നും യെച്ചൂരി പറഞ്ഞു.
എന്നാൽ, അതിർത്തിയിൽ ചൈനയുമായി സംഘർഷസാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്നും രാഷ്ട്രീയ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിക്കെതിരെ ചൈനാപക്ഷപാതികളെന്ന നിലയിൽ തീവ്ര വലതുപക്ഷശക്തികൾ അഴിച്ചുവിടുന്ന പ്രചാരണത്തെ ചെറുക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും, സാമൂഹിക മാദ്ധ്യമങ്ങളിൽ മോർഫുചെയ്ത ചിത്രങ്ങളും മറ്റും ഇതിനായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും രേഖയിൽ ചൂണ്ടിക്കാട്ടുന്നു.
2020 ജൂൺ 15-ന് ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ നടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച സമീപനത്തിനും നിലപാടിനും പാർട്ടി പിന്തുണ നൽകിയിട്ടുണ്ട്. യഥാർഥ നിയന്ത്രണരേഖ വേർതിരിച്ച് അടയാളപ്പെടുത്തിയിരിക്കുന്നതിലുള്ള അവ്യക്തതയാണ് തർക്കങ്ങൾക്കെല്ലാം കാരണമെന്നും ഇരുരാജ്യങ്ങളും നിയന്ത്രണരേഖ വ്യക്തമായി അടയാളപ്പെടുത്താൻ ധാരണയിലെത്തണമെന്നും പാർട്ടി വ്യക്തമാക്കി.

