കറാച്ചി: ഇമ്രാന് ഖാന് സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് അനുമതി നല്‍കാത്ത ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന് സൂരിയുടെ നടപടി ഭരണഘടനയുടെ 95-ാം ആര്‍ട്ടിക്കിളിന്റെ ലംഘനമാണെന്ന് പാകിസ്താന് ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബന്ദിയാല്‍ പറഞ്ഞു. പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് കോടതി നിരീക്ഷിച്ചത്.
പ്രശ്നത്തില്‍ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ വിശദമായ വാദം കേട്ടശേഷം വിധിപറയാം എന്ന് കോടതി പറഞ്ഞു. അതേസമയം, ഡെപ്യൂട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയാല്‍ ഇമ്രാന് ഖാന് കനത്ത തിരിച്ചടിയാകും. ഈ മാസം ആദ്യമാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളുകയും തിരഞ്ഞെടുപ്പ് നേരത്തേ നടത്താനായി ദേശീയ അസംബ്ലി പ്രസിഡന്റ് പിരിച്ചുവിടുകയും ചെയ്തത്. ഇമ്രാനെതിരെയുള്ള അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സുര്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് തള്ളുകയായിരുന്നു. ശേഷം ഇമ്രാന് ഖാന്റെ ഉപദേശ പ്രകാരം പാക് പ്രസിഡന്റ് ഡോ. ആരിഫ് അല്‍വി ദേശീയ അസംബ്ലി പിരിച്ചു വിടുകയായിരുന്നു.
പ്രതിപക്ഷത്തെ ഞെട്ടിച്ചാണ് ഇമ്രാന് അവിശ്വാസ പ്രമേയം ഇല്ലാതാക്കാനും ദേശീയ അസംബ്ലി പിരിച്ചുവിടാനും കരുക്കള്‍ നീക്കിയത്. ചര്‍ച്ചയ്ക്ക് പരിഗണിക്കുകപോലും ചെയ്യാതെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളുകയായിരുന്നു.

