കണ്ണൂർ: കോൺഗ്രസ് സഹകരണത്തിനെതിരെ കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ എതിർപ്പറിയിച്ച് കേരളാ ഘടകം. സെമിനാറിനു വിളിച്ചാൽ പോലും രാഷ്ട്രീയം കളിക്കുന്നവരുമായി എന്തിന് സഹകരണമെന്നാണ് മന്ത്രി പി രാജീവ് ചോദിക്കുന്നത്. കോൺഗ്രസിന്റെ പിറകെ നടന്ന് സമയം കളയരുതെന്നും കേരളഘടകം ആവശ്യപ്പെട്ടു. പി രാജീവാണ് കേരളത്തിൽ നിന്നും ആദ്യം ചർച്ചയിൽ പങ്കെടുത്തത്.
കോൺഗ്രസ് സഹകരണം ചർച്ച ചെയ്ത് സമയം പാഴേക്കേണ്ടതുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. സെമിനാറിൽ പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധിയാണ് നേതാക്കൾക്ക് നിർദ്ദേശം നൽകിയത്. അങ്ങനെയുള്ള പാർട്ടിയെ വിശാല മതേരര സഖ്യത്തിൽ എന്തിന് പ്രതീക്ഷിക്കണമെന്നും അദ്ദേഹം ചോദിക്കുന്നു.
ബിജെപിയെ ചെറുക്കാൻ ഇപ്പോൾ കഴിയുന്നത് പ്രാദേശിക പാർട്ടികൾക്കാണ്. ഈ കക്ഷികളെ കൂട്ടിയോജിക്കാനും സ്വന്തം ശക്തി കൂട്ടാനും പാർട്ടിക്ക് കഴിയണമെന്നും രാജീവ് ചൂണ്ടിക്കാട്ടി. പാർട്ടി കോൺഗ്രസിൻറെ സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിനെയും പിന്നീട് കെവി തോമസിനെയും ക്ഷണിച്ച കാര്യം രാജീവ് ഉയർത്തിക്കാട്ടി. അതേസമയം, തൃണമൂൽ കോൺഗ്രസ് എതിരാളികളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് നയമാണ് സ്വീകരിക്കുന്നതെന്ന് ബംഗാൾ ഘടകം ചർച്ചയിൽ അഭിപ്രായപ്പെട്ടു. എന്നാൽ, കോൺഗ്രസ് ഉൾപ്പെട്ട സഖ്യത്തെ എതിർക്കാത്ത നിലപാടാണ് തമിഴ്‌നാട് ഉൾപ്പടെ മറ്റു സംസ്ഥാന ഘടകങ്ങൾ സ്വീകരിച്ചത്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് വിശാല മതേതര ജനാധിപത്യ മുന്നണി എന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇതിന് തടസമാകുന്ന നിലപാടാണ് പ്രധാന സംസ്ഥാന ഘടകങ്ങൾ സ്വീകരിക്കുന്നത്.

