കെ.വി തോമസിന്റേത് സ്വാഗതാര്‍ഹമായ തീരുമാനം; രാജി വെച്ച് വന്നാല്‍ സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്ന സൂചന നല്‍കി കോടിയേരി

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. വി തോമസിന്റേത് സ്വാഗതാര്‍ഹമായ തീരുമാനമാണെന്നും, അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച് വന്നാല്‍ സ്വീകരിക്കുന്നതില്‍ തടസ്സമൊന്നുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ‘എന്ത് വേണമെന്നത് കെ വി തോമസാണ് തീരുമാനിക്കേണ്ടത്, കോണ്‍ഗ്രസ് വിട്ടു വന്നാല്‍ ഇടത് പക്ഷവുമായി സഹകരിപ്പിക്കുന്നത് പരിഗണിക്കാവുന്നതാണ്. സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറായി നേരത്തെയും പല കോണ്‍ഗ്രസ് നേതാക്കളുമെത്തിയിരുന്നു. അവരാരും വഴിയാധാരമായിട്ടില്ല’- കോടിയേരി ഓര്‍മ്മിപ്പിച്ചു.

കോടിയേരിയുടെ വാക്കുകള്‍

‘സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ ആദ്യം വരാമെന്ന് പറഞ്ഞതാണ്. പിന്നീട്, ഹൈക്കമാന്‍ഡ് വിലക്കിയെന്നും വരാന്‍ പറ്റില്ലെന്നും അറിയിച്ചു. പങ്കെടുക്കുന്നവരെല്ലാം സിപിഎമ്മിന്റെ അഭിപ്രായം പറയണമെന്നില്ല, വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പറയാനുള്ള അവസരമുണ്ടാക്കാനാണ് സെമിനാറുകള്‍ നടത്തുന്നത്. സിപിഎമ്മിന്റെ അഭിപ്രായം പറയാന്‍ സിപിഎം നേതാക്കള്‍ മതിയല്ലോ, മറ്റുള്ള ആളുകളെയും ക്ഷണിച്ചിരിക്കുന്നത് ബഹുസ്വരതയ്ക്ക് പ്രധാന്യം കൊടുക്കുന്നത് കൊണ്ടാണ്. മറ്റുള്ളവര്‍ക്കും ഞങ്ങളുടെ വേദിയില്‍ വന്ന് അഭിപ്രായം പറയാന്‍ അവസരം നല്‍കുകയാണ്. കണ്ണൂരിലായത് കൊണ്ട് വരുന്നില്ലെന്ന് ചിലര്‍ പറയുന്നത് കേട്ടു. അങ്ങനെ പറയുന്നതില്‍ അര്‍ത്ഥമില്ല. എറണാകുളത്തായിരുന്നു സംസ്ഥാന സമ്മേളനം അവിടേക്ക് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു, പക്ഷേ വന്നില്ല. അവരുടെ നിലപാടിന്റെ ഭാഗമാണ് സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന്. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്, ബിജെപിക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കേരളത്തിലെ കോണ്‍ഗ്രസ് തയ്യാറല്ല, ഇവിടെ വന്നാല്‍ ബിജെപിയെ എതിര്‍ക്കേണ്ടി വരും. കേരളത്തിലെ കോണ്‍ഗ്രസ് സിപിഎമ്മിനെ എതിര്‍ക്കാനാണ് താല്‍പര്യം’- കോടിയേരി ചൂണ്ടിക്കാട്ടി.