കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പകരം തൊഴിലാളികളെ പഴി ചാരുന്നു; ഗതാഗത മന്ത്രിക്കെതിരെ സിപിഐ മുഖപത്രം

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പകരം ഗതാഗത മന്ത്രി തൊഴിലാളികളെ പഴി ചാരുന്നുവെന്നാണ് വിമർശനം. കാര്യശേഷിയുള്ള മാനേജ്മെന്റ് നഷ്ടത്തിലാണ് എന്ന പല്ലവി ആവർത്തിക്കുകയല്ല ചെയ്യേണ്ടതെന്നും തൊഴിലാളികളെ കുറ്റപ്പെടുത്തി കൈകഴുകുന്നതിനു പകരം യഥാർത്ഥ പ്രശ്നം കണ്ടെത്തി പരിഹരിക്കണമെന്നും ജനയുഗത്തിൽ പറയുന്നു.

സ്ഥാപനം നഷ്ടത്തിലാകുന്നതിന് കാരണങ്ങൾ പലതാണ്. ചർച്ചകൾ നടത്തി പരിഹാരം കാണുന്നതിന് പകരം തൊഴിലാളികളേയും ജീവനക്കാരേയും പഴിചാരുന്ന പ്രവണതയുടെ തുടർച്ചയാണ് ഉണ്ടാകാറുള്ളതെന്നാണ് ഗതാഗത മന്ത്രിക്കെതിരെയുള്ള വിമർശനം. ഇതിന്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞ ദിവസം ആന്റണി രാജുവിൽ നിന്നുണ്ടായത്. നിലവിൽ സ്ഥാപനത്തിന് നല്ല വരുമാനം നേടിക്കൊടുക്കുന്ന ദീർഘദൂര സർവീസുകൾ കെ സ്വിഫ്റ്റിനു കീഴിലേക്ക് മാറുന്നത് കെഎസ്ആർടിസിയുടെ വരുമാന നഷ്ടത്തിനാണ് കാരണമാകുകയെന്ന വിമർശനവും ഉയരുന്നുണ്ട്.

ഇന്ധന വിലവർധന കെഎസ്ആർടിസിക്ക് വൻ ബാധ്യത അധികമായി അടിച്ചേല്പിക്കുന്നുണ്ട്. വില കുത്തനെ ഉയർത്തിയതിന്റെ ശിക്ഷയും തൊഴിലാളികൾ ഏറ്റെടുക്കണമെന്ന നിലയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

പിരിച്ചുവിടലും നിർത്തിവയ്ക്കലുമാണ് പ്രതിവിധിയെന്ന നിലയിലാണ് മന്ത്രിയും സ്ഥാപന മേധാവികളും പ്രശ്നത്തെ സമീപിക്കുന്നത്. തൊഴിലാളികൾക്ക് സ്വിഫ്റ്റിന് കീഴിലേക്ക് മാറുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. ഇതും തൊഴിലാളികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്ന സമീപനം ആശാസ്യമല്ലെന്നും ജനയുഗത്തിലെ മുഖപ്രസംഗത്തിൽ വിശദമാക്കുന്നുണ്ട്.