കേരള ടൂറിസം വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ വാട്‌സാപ്പിലൂടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ചാറ്റ്‌ബോട്ട് ‘മായ’ കൂടുതല്‍ ജനപ്രിയമാവുന്നു. കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പൂര്‍ണ വിവരങ്ങള്‍ മായയില്‍ ലഭ്യമാകുന്നതിനാല്‍ സഞ്ചാരികള്‍ക്ക് ഏറെ ഉപയോഗപ്രദമാണ്.
‘മായ’ വാട്സ്ആപ് നമ്പറിലേക്ക് ടെക്സ്റ്റ് മെസേജായോ വോയിസ് മെസേജായോ വിവരങ്ങള്‍ അന്വേഷിച്ചാല്‍ ഓട്ടോമാറ്റിക്ക് ആയി തന്നെ വിവരങ്ങള്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമായി വന്നാല്‍ നേരിട്ട് സംസാരിക്കാനുള്ള അവസരവും ഉണ്ട്. 24 മണിക്കൂറും വിനോദസഞ്ചാരികള്‍ക്ക് ഈ സേവനം ലഭ്യമാണ്. 7510512345 എന്ന നമ്പരിലുള്ള കേരള ടൂറിസം ബിസിനസ് അക്കൗണ്ടിലേക്കാണ് സന്ദേശം അയക്കേണ്ടത്. അപ്പോള്‍ത്തന്നെ സഞ്ചാരികളുടെ സഹായത്തിന് ചാറ്റ്‌ബോട്ട് റെഡിയാവും. എക്‌സ്‌പ്ലോര്‍ കേരള എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതോടെ ഉത്തരങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെടും. ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍, എക്കോ ടൂറിസം, ഫെസ്റ്റിവല്‍സ് തുടങ്ങിയ വിവിധ വിഭാഗങ്ങളാണ് ഇതിലുള്ളത്. ഉത്സവങ്ങള്‍, മ്യൂസിയം, ഹില്‍ സ്റ്റേഷന്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിങ്ങനെ നിരവധി സബ് കാറ്റഗറികളുമുണ്ട്. ഒരോ സ്ഥലങ്ങളുടെയും ചിത്രങ്ങളും, യൂട്യൂബ് വിഡിയോയും എങ്ങനെ എത്തിച്ചേരണമെന്ന വിവരങ്ങളും ചാറ്റ് ബോട്ട് വ്യക്തമായി സഞ്ചാരികള്‍ക്ക് പറഞ്ഞ് തരും. സഞ്ചാരികള്‍ക്ക് ആവശ്യമായ ബ്രോഷറുകളും പോസ്റ്ററുകളും ഡൗണ്‍ലോഡ് ചെയ്യാനുമാവും.
സംസ്ഥാന ടൂറിസംമന്ത്രി പി.എ മുഹമ്മദ് റിയാസാണ് സഞ്ചാരികള്‍ക്ക് ഏറെ ഉപകാരപ്രദമാവുന്ന ഈ വേറിട്ട പദ്ധതി ഉദ്ഘാടനം ചെയ്തത്.

