ഐപിഎല്‍: ഡല്‍ഹിയെ ആറ് വിക്കറ്റിന് വീഴ്ത്തി ലക്‌നൗ

ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ലക്നൗവിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. അര്‍ധസെഞ്ച്വറിയുമായി കത്തിക്കയറിയ ഓപ്പണര്‍ ക്വിന്റണ്‍ ഡീക്കോക്കിന്റെ പോരാട്ടമാണ് ലക്നൗ വിജയത്തില്‍ നിര്‍ണായകമായത്. ഡീക്കോക്ക് 52 പന്തില്‍ നിന്ന് രണ്ട് സിക്സറുകളുടേയും ഒമ്ബത് ഫോറുകളുടേയും അകമ്പടിയില്‍ 80 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ 24 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറില്‍ ആറ് പന്തില്‍ അഞ്ച് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ലക്നൗവിനെ ഒരു ഫോറും ഒരു സിക്‌സുമായി ആഷിക് ബദോനിയാണ് (10) വിജയ തീരമണച്ചത്. ക്രുണാല്‍ പാണ്ഡ്യ 19 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഈ ജയത്തോടെ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ ലക്നൗ നാലാം സ്ഥാനത്തേക്ക് കയറി.

നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ പ്രിഥ്വിഷായുടെ മികവിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറില്‍ ഡല്‍ഹി 149 റണ്‍സെടുത്തു. 34 പന്തില്‍ നിന്ന് രണ്ട് സിക്സറുകളുടേയും ഒമ്ബത് ഫോറുകളുടേയും അകമ്ബടിയില്‍ പ്രിഥ്വി ഷാ 61 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ വാര്‍ണറുമൊത്ത് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് പ്രിഥ്വി ഷാ മടങ്ങിയത്. അടുത്ത ഓവറില്‍ തന്നെ വാര്‍ണറും മടങ്ങിയതോടെ ഡല്‍ഹി സമ്മര്‍ദ്ദത്തിലായി. ആദ്യ അഞ്ചോവറുകളില്‍ ദ്രുതഗതിയില്‍ ചലിച്ചു കൊണ്ടിരുന്ന സ്‌കോര്‍ബോര്‍ഡ് പിന്നീട് ഒച്ചിഴയുന്ന വേഗത്തിലായി. അതിനിടെ മൂന്ന് റണ്‍സെടുത്ത റോവ്മാന്‍ പവലിനെയും ഡല്‍ഹിക്ക് നഷ്ടമായി. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തും സര്‍ഫറാസ് ഖാനും നടത്തിയ പ്രകടനമാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

റിഷഭ് പന്ത് 39 റണ്‍സെടുത്തപ്പോള്‍ സര്‍ഫറാസ് 36 റണ്‍സെടുത്തു. ലക്നൗവിനായി സ്പിന്നര്‍ രവി ബിഷ്ണോയി 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.