കൊച്ചി: കെ റെയിൽ പദ്ധതിയുടെ സർവേ സംബന്ധിച്ച് കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്ന് ഹൈക്കോടതി. എന്താണ് ചെയ്യാൻ പോകുന്നതെന്നു കേന്ദ്ര സർക്കാരിനു പറയാമായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. സർവേ നടത്താനാവില്ലെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സിൽവർലൈൻ പദ്ധതിക്കായി കെ റെയിൽ എന്നെഴുതിയ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
കെ റെയിൽ പദ്ധതിയിൽ 49% ഓഹരി പങ്കാളിത്തമുള്ള കേന്ദ്ര സർക്കാർ സർവേ സംബന്ധിച്ചു വ്യക്തത വരുത്തണമായിരുന്നു. ഇത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, സിൽവർലൈൻ പദ്ധതിക്കായി ഈ ഘട്ടത്തിൽ ഭൂമി ഏറ്റെടുക്കുമെന്ന് ആശങ്ക വേണ്ടെന്നും കോടതി അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലല്ല, സാമൂഹിക ആഘാത പഠനത്തിനുള്ള സർവേ മാത്രമാണ് നടക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഈ ഭൂമി പണയം വച്ചു വായ്പയെടുക്കാൻ തടസ്സമില്ലെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക ആഘാത പഠനത്തിനു സുപ്രീം കോടതി അനുമതിയുണ്ട്. സർവേ മുന്നോട്ടുപോകണം. ഡിസംബറിൽ ഹർജി പരിഗണിച്ചപ്പോഴുള്ള സ്ഥിതിയല്ല ഇപ്പോഴെന്നും കോടതി ചൂണ്ടിക്കാട്ടി.

