ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന ഐഎസ്എല്ലിന്റെ ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടു കൂടിയായ കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ജിസിഡിഎയും കേരള ബ്ലാസ്‌റ്റേഴ്സും ചേര്‍ന്നിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സും ഗ്രേറ്റര്‍ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കലൂര്‍ സ്റ്റേഡിയം വീണ്ടും ഐഎസ്എല്ലിന് വേദിയാകുന്ന കാര്യത്തില്‍ ധാരണയായത്.
ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീളുന്ന ഐഎസ്എല്ലിന്റെ 10 മത്സരങ്ങള്‍ക്ക് കലൂര്‍ സ്റ്റേഡിയം വേദിയാകും. ഉദ്ഘാടന മത്സരവും കൊച്ചിയില്‍ നടത്താനാണ് തീരുമാനം. ഓഗസ്റ്റോടെ ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിലെത്തി പരിശീലനം തുടങ്ങും. ഐഎസ്എല്ലിന് കൊച്ചി വീണ്ടും വേദിയാകുന്ന സാഹചര്യത്തില്‍ കലൂര്‍ സ്റ്റേഡിയം പരിസരം കൂടുതല്‍ ആകര്‍ഷകമാക്കുക, അശാസ്ത്രീയമായ പാര്‍ക്കിംഗ് നിയന്ത്രിക്കുവാന്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുക എന്നിവ ജിസിഡിഎ അടിയന്തരമായി ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള അറിയിച്ചു.
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്കുള്ള ആരാധക പിന്തുണയും കഴിഞ്ഞ സീസണിലെ മത്സരങ്ങള്‍ ലൈവ്സ്ട്രീമിങ് നടത്തിയപ്പോഴുണ്ടായ ജനപങ്കാളിത്തവും കണക്കിലെടുത്ത് വരുന്ന സീസണിലേക്ക് കൂടുതല്‍ ആരാധകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പാണ് ജി സി ഡി എയും കേരള ബ്ലാസ്റ്റേഴ്സും സംയുക്തമായി സമയബന്ധിതമായി നടത്തി വരുന്നത്.

