കൊച്ചി: സിപിഎം അഖിലേന്ത്യാ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് അറിയിച്ചു. ബിജെപിയെ എതിര്‍ക്കുന്നവര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇത് ദേശീയ പ്രശ്‌നമാണെന്നും കെ വി തോമസ് പറഞ്ഞു. ‘സെമിനാറില്‍ പങ്കെടുക്കും. പാര്‍ട്ടി വിട്ടുപോകില്ല. സെമിനാറിനായി തയാറെടുത്തു കഴിഞ്ഞു. അരമണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. നെഹ്‌റുവിന്റെ വീക്ഷണം സെമിനാറില്‍ പറയും’- അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് തള്ളിക്കൊണ്ടാണ് കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്. സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭീഷണിയെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ എഐസിസി അംഗമാണെന്നും തന്നെ പുറത്താക്കാന്‍ എഐസിസിക്ക് മാത്രമേ അധികാരമുള്ളൂവെന്നും കെ വി തോമസ് പറഞ്ഞു. ഏഴുതവണ ജയിച്ചത് ജനകീയ അംഗീകാരമാണ്. സോഷ്യല്‍ മീഡിയ വഴി വലിയ ആക്രണം നേരിട്ടതിനു പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വമാണ്. എറണാകുളം ഡിസിസി പ്രസിഡന്റ് മുതല്‍ ഭക്ഷ്യമന്ത്രി പദവി വരെ എത്തിയ നേട്ടങ്ങള്‍ വിശദീകരിച്ചാണ് കെ വി തോമസ് വാര്‍ത്താ സമ്മേളനം നടത്തിയത്.
അതേസമയം, നിലപാട് വ്യക്തമാക്കിയതോടെ കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത. എന്നാല്‍, സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ വി തോമസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായാല്‍ വഴിയാധാരമാകില്ലെന്ന് എം.വി ജയരാജന്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.

