മുംബൈ: മുംബൈയിൽ കണ്ടെത്തിയത് കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ് ഇ അല്ലെന്ന് സ്ഥിരീകരണം. രോഗിയുടെ സാമ്പിളുകളിൽ നടത്തിയ ജിനോമിക് പരിശോധനയിലാണ് എക്‌സ് ഇ വകഭേദമല്ലെന്ന് കണ്ടെത്തിയത്. ബിഎ.2 വകഭേദത്തെക്കാൾ പത്ത് ശതമാനം കൂടുതൽ വേഗത്തിൽ പകരാൻ സാദ്ധ്യതയുള്ള എക്‌സ് ഇ വകഭേദമാണെന്ന് യുവതിയ്ക്ക് സ്ഥിരീകരിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നത്.
രോഗബാധിതയായ സ്ത്രീ വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഇവർ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇവർക്ക് മറ്റ് രോഗങ്ങളില്ലാത്തതിനാൽ ആശങ്ക പ്രകടിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 10-ാം തീയതിയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇവർ ഇന്ത്യയിലെത്തിയത്. അന്ന് തന്നെ ഇവർക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. അന്ന് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് മാർച്ച് രണ്ടാം തീയതി നടത്തിയ ടെസ്റ്റിൽ ഇവർക്ക് കോവിഡ് പോസിറ്റീവാകുകയായിരുന്നു.
കോവിഡ് വൈറസിന്റെ ബിഎ.2 വകഭേദത്തെക്കാൾ പത്ത് ശതമാനം കൂടുതൽ വേഗത്തിൽ പകരാൻ സാദ്ധ്യതയുള്ളതാണ് പുതിയ എക്‌സ് ഇ വകഭേദമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്.

