ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ ഇളവ് നല്‍കി യുക്രൈന്‍ സര്‍ക്കാര്‍

യുക്രൈന്‍ സര്‍ക്കാര്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ ഇളവു നല്‍കാന്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. മൂന്നാം വര്‍ഷ പരീക്ഷ അടുത്ത അക്കാദമിക് വര്‍ഷത്തേക്ക് മാറ്റുകയും, അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ പഠന മികവിന്റെ അടിസ്ഥാനത്തില്‍ പാസാക്കാനും യുക്രൈന്‍ തീരുമാനിച്ചിട്ടുണ്ട്. പഠനം മുടങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനമൊരുക്കാന്‍ ഹംഗറി, റൊമാനിയ, ചെക് റിപ്പബ്ലിക്ക്, പോളണ്ട് എന്നീ രാജ്യങ്ങളുമായി ചര്‍ച്ച തുടരുന്നതായും ജയശങ്കര്‍ പറഞ്ഞു.

അതേസമയം, യുക്രൈന്‍ കൂട്ടക്കൊലയെ ജയശങ്കര്‍ അപലപിച്ചു. ‘പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചയാണ് ആവശ്യം. രക്തചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല. യുക്രൈന്‍ കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം വേണം. ഇന്ത്യ നിന്നത് സമാധാനത്തിന്റെ പക്ഷത്താണ്. ഓപ്പറേഷന്‍ ഗംഗയെ മറ്റ് ഒഴിപ്പിക്കല്‍ നടപടികളുമായി താരതമ്യം ചെയ്യാനാകില്ല. സുമിയില്‍ വലിയ പ്രതിസന്ധി നേരിട്ടു. നേരിട്ടുള്ള ഇടപെടലാണ് പ്രധാനമന്ത്രി നടത്തിയത്- അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.

റഷ്യന്‍ സൈന്യം പിന്മാറിയ യുക്രൈന്‍ മേഖലകളില്‍ നിന്ന് ഇതുവരെ 420 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മിക്കതും കൈകാലുകള്‍ ബന്ധിച്ച നിലയില്‍ ആയിരുന്നു. കുടുംബത്തെ ഒന്നാകെ കുഴിച്ചുമൂടിയ കൂട്ടകുഴിമാടങ്ങളും കണ്ടെത്തി. യുദ്ധകാലത്തെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുളള കൊടും ക്രൂരത പുറത്തുവന്നതോടെ റഷ്യക്ക് എതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു.