തിരുവനന്തപുരം: വനിതാ കമ്മീഷന് മുന്നില്‍ വരുന്ന പരാതികളില്‍ പോലീസിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സമയബന്ധിതമായ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന വിമര്‍ശനവുമായി കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. നാലുവര്‍ഷം പഴക്കമുള്ള കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് വൈകുന്നതിനാല്‍ തീര്‍പ്പുണ്ടാക്കാനാകുന്നില്ല. ഇക്കാര്യം ഡിജിപിയെ നേരിട്ട് കണ്ട് ധരിപ്പിക്കുമെന്നും രേഖാശര്‍മ്മ പറഞ്ഞു.
‘289 കേസുകളിലെ പോലീസ് റിപ്പോര്‍ട്ട് കമ്മീഷന്‍ കാത്തിരിക്കുകയാണ്. ആവര്‍ത്തിച്ച് നോട്ടീസുകള്‍ നല്‍കിയിട്ടും പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നില്ല. റിപ്പോര്‍ട്ടുകള്‍ വൈകുന്നതിനാല്‍ കമ്മീഷന്‍ പരാതികളില്‍ തീര്‍പ്പുണ്ടാക്കാനും കഴിയുന്നില്ല. റിപ്പോര്‍ട്ടുകള്‍ വൈകുന്നതിനാല്‍ കമ്മീഷനു മുന്നിലെ പരാതികളില്‍ തീര്‍പ്പുണ്ടാക്കാന്‍ പരാതിക്കാരെയും പോലീസിനെയും കമ്മീഷന്‍ നേരിട്ട് വിളിപ്പിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉള്‍പ്പെടെ ജില്ലാ പോലീസ് മേധാവിമാര്‍ ദേശീയ വനിതാ കമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരായി. പരാതികളില്‍ കുറ്റപത്രം വൈകുന്നതില്‍ കമ്മീഷന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് അതൃപ്തിയും രേഖപ്പെടുത്തി’- അവര്‍ വ്യക്തമാക്കി.
അതേസമയം, ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ അച്ഛന്‍ വനിത കമ്മീഷന്‍ അധ്യക്ഷക്ക് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് നല്‍കിയ കുറ്റപത്രം പൂര്‍ണമല്ലെന്നും ഇപ്പോഴും പ്രതികളില്‍ നിന്നും ഭീഷണി നേരിടുന്നുണ്ടെന്നുമാണ് മൊഫിയയുടെ അച്ഛന്റെ പരാതി.

