കണ്ണൂർ: ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വേണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മതധ്രുവീകരണം രാഷ്ട്രീയ മുന്നേറ്റത്തിനായി ഉപയോഗിക്കുന്ന ബിജെപിയെ ചെറുക്കാൻ വിശാല മതേതര സഖ്യം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദുത്വത്തെ എതിർക്കാൻ മതേതര സമീപനം വേണം. കോൺഗ്രസും ചില പ്രാദേശിക പാർട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. വർഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം സ്വന്തം ചേരിയിൽ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയെ അനുകൂലിച്ചും അദ്ദേഹം സംസാരിച്ചു.
അമേരിക്കൻ സാമ്രാജ്യത്വം ചൈനയെ ഒറ്റപ്പെടുത്തുകയാണ്. ചൈനയെ ഒതുക്കുന്നതിൽ നിന്ന് ഒറ്റപ്പെടുത്തലിലേക്ക് മാറി. യുക്രൈൻ യുദ്ധം യഥാർത്ഥത്തിൽ റഷ്യയും അമേരിക്കയും തമ്മിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ജൂനിയർ പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

