അത്താഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്……

നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതിൽ അത്താഴം വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ തന്നെ അത്താഴം കഴിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രിഭക്ഷണം അമിതമായി കഴിക്കുന്നത് നല്ലതല്ല.

ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ധരുടെ ഉപദേശം. എട്ട് മണിയോടെ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുമ്പോൾ ഭക്ഷണം ദഹിക്കാൻ ആവശ്യമായ സമയം ഉറക്കത്തിന് മുൻപ് തന്നെ ലഭിക്കും. കൊഴുപ്പ്, പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണങ്ങളാണ് അത്താഴത്തിന് അനുയോജ്യം. സൂപ്പ്, റൊട്ടി, പച്ചക്കറി എന്നിവ അത്താഴത്തിൽ ഉൾപ്പെടുത്താം. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണമാണ് രാത്രിയിൽ കഴിക്കേണ്ടത്.

രാത്രിയിൽ അമിതമായി കഴിക്കുന്നത് ശരീര ഭാരം കൂടുന്നതിനും, കുടവയർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും. അതിനാൽ തന്നെ രാത്രിയിൽ വളരെ കുറച്ച് മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.