വൈദ്യുതി തൂണുകളിൽ ചാർജിങ് പോയിന്റുകൾ; റോഡരികിൽ പാർക്ക് ചെയ്ത് വാഹനം ചാർജ് ചെയ്യാം

കണ്ണൂർ: കണ്ണൂർ ജില്ലയിൽ 145 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകളും ഓട്ടോകളും ചാർജ് ചെയ്യാൻ വൈദ്യുതി തൂണുകളിലാണ് സൗകര്യമൊരുക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും 5 വീതവും കോർപറേഷൻ പരിധിയിൽ 16 പോയിന്റുകളുമാണ് സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് 1500 ടൂവീലർ ത്രീവീലർ ചാർജിങ് സ്റ്റേഷനുകളും 62 കാർ ചാർജിങ് സ്റ്റേഷനുകളും ആരംഭിക്കാനുള്ള കെഎസ്ഇബിയുടെ പദ്ധതിയുടെ ഭാഗമായാണ് നടപടി. സ്വകാര്യ ഏജൻസികളാണ് ചാർജിങ് സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നത്.

നിലവിലുള്ള വൈദ്യുതി തൂണുകളിൽ തന്നെയാണ് ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നത്. റോഡരികിൽ പാർക്ക് ചെയ്തുകൊണ്ടു തന്നെ ചാർജ് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ, കാർ ചാർജിങ് കേന്ദ്രങ്ങളിലെപ്പോലെ ഫാസ്റ്റ് ചാർജിങ് സംവിധാനമല്ല ഇതെന്നതിനാൽ 2 മുതൽ 4 മണിക്കൂർ വരെ സമയം ബാറ്ററി മുഴുവനായും ചാർജ് ആകാൻ ആവശ്യമായി വരും.

മൊബൈൽ ആപ്പ് വഴിയാണ് വാഹനം ചാർജ് ചെയ്യാനായി തുക അടയ്‌ക്കേണ്ടത്. ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ഇതിനുള്ള ലിങ്ക് ലഭിക്കും. പ്രീപെയ്ഡ് രീതിയിലാണ് ആപ്പിന്റെ പ്രവർത്തനം. മുൻകൂറായി തുക അടച്ച് ഓരോ തവണയും ചാർജ് ചെയ്യുമ്പോൾ അതിൽ നിന്നു തുക കുറവു വരുത്തും. വൈദ്യുതി യൂണിറ്റിന് 9.30 രൂപയാണ് തുക. ജിഎസ്ടി ഉൾപ്പെടെയുള്ള തുകയാണിത്. സ്‌കൂട്ടറോ ബൈക്കോ പൂർണമായും ചാർജ് ചെയ്യാൻ 24 യൂണിറ്റ് വൈദ്യുതിയും ഓട്ടോറിക്ഷകൾക്കു 47 യൂണിറ്റ് വൈദ്യുതിയും വേണ്ടിവരും.