കണ്ണൂർ: കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ തകർക്കുന്ന നയം ശക്തിപ്പെടുമ്പോൾ അതിനെതിരെ ശബ്ദമുയർത്താൻ കോൺഗ്രസിനും ലീഗിനും കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിന്റെ പൊതുസമ്മേളന വേദിയായ എകെജി നഗറിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
കോൺഗ്രസും ലീഗും ബി.ജെ.പിക്കൊപ്പമാണ്. വികസന കാര്യങ്ങൾ നടക്കാൻ പാടില്ലെന്ന് പറയാൻ മാത്രമാണ് അവർ ശബ്ദമുയർത്തുന്നത്. പാർലമെന്റിലും കേരളത്തിനായി ശബ്ദിക്കാൻ അവർക്ക് കഴിയുന്നില്ല. സി.പി.എമ്മിനോടുള്ള വിരോധം മാത്രമാണ് അവരെ മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. നാട്ടിൽ ഒരു വികസനവും അനുവദിക്കില്ല എന്നതാണ് കോൺഗ്രസിന്റെ സമീപനം. രാജ്യത്ത് നാൾക്കുനാൾ കോൺഗ്രസ് ശോഷിച്ച് ഇല്ലാതാകുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയർത്തൽ. ഇ കെ നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്.

