സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണം; സീതാറാം യെച്ചൂരിക്ക് കത്തയച്ച് വി ഡി സതീശൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് പദ്ധതിയിലൂടെ കേരള സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കത്തിൽ പറയുന്നു.

ഇടത് പക്ഷത്തിന്റെ പ്രഖ്യാപിത പ്രത്യയശാസ്ത്ര നിലപാടിൽ നിന്ന് വ്യതിചലിച്ച് തീവ്ര വലത്പക്ഷ നിലപാടുകളാണ് കേരളത്തിലെ സർക്കാർ സ്വീകരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന സിൽവർ ലൈൻ പദ്ധതി താങ്ങാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പാരിസ്ഥിതികമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. മുബൈ – അഹമ്മദാബാദ് അതിവേഗ റെയിൽവെയെ നഖശിഖാന്തം എതിർക്കുന്ന സി.പി.എം, സിൽവർ ലൈൻ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെയെന്ന് യെച്ചൂരി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.